About Me

My photo
A blog maintained by the collective of students from Kerala in HCU. But the space is certainly open to all. വൈവിധ്യങ്ങളുടെ ഒരു വിചിത്രസമ്മേളനം.

Wednesday, September 22, 2010

ഇഷ്ക്..മൊഹബ്ബത്ത്..പ്യാര്‍..

Azeef
MSc Mathematics

വിശുദ്ധ പ്രണയത്തിന്റെ താമരപൊയ്കയില്‍ നിന്ന് നീന്തിക്കയറിയ ,ഇപ്പോള്‍ നീന്തി കൊണ്ടിരിക്കുന്ന ,ഇനി നീന്താനിരിക്കുന്ന എല്ലാ മഹത്-കമിതാക്കള്‍ക്കും;സോജ്ജ്വലപ്രണയസ്മാരകങ്ങള്‍ക്ക് നിറക്കൂട്ടേകാനായി സമര്‍പ്പിച്ച(റെയില്‍പാളങ്ങളിലും,സാരിത്തുമ്പുകളിലും,ബദ്ധപ്പെട്ടൊപ്പിച്ച വിഷക്കുപ്പികളിലും) ധീരപ്രണയരക്തസാക്ഷികളുടെ തുടിക്കുന്ന ഓര്‍മ്മകള്‍ക്കും മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് കൊണ്ട് ഈ പിന്തിരിപ്പന്‍ മൂരാച്ചി തുടങ്ങട്ടെ..
"കെണിയാണെന്നറിയാം,
പണി നിന്റേതെന്നറിയാം;
എങ്കിലും വിശപ്പിനേക്കാള്‍-
വലുതല്ലല്ലോ മരണം.."
പവിത്രന്‍ തീക്കുനിയുടെ ഏലിക്ക് ,ഇവിടെ കെണിയിലെ തേങ്ങാപ്പൂളിനോട് തോന്നുന്ന 'എന്തോ ഒരു ഇത്' ആണ് ഈ 'അറുബോറന്‍ ഫണ്ടമെന്റലിസ്റ്റിനു' പ്രണയം എന്ന മാനസികാസന്തുലിതാവസ്ഥയോടുമുള്ളത്.ഇവിടെ നമ്മുക്കൊരു ചോദ്യം ചോദിക്കാം-എന്ത് കൊണ്ടാണ്‌ കവികളും കവയിത്രികളും,കഥാകാരന്മാരും കഥാകാരികളും,കാമുകന്മാരും കാമുകിമാരുമെല്ലാം (ലേഖകന്‍ M.C.P അല്ല എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കുക:D) ഈയൊന്നിനെ അവധാനിക്കാനായി ഒരുപാടൊരുപാട് മരങ്ങള്‍ കടലാസിന്റെ രൂപത്തില്‍ നശിപ്പിച്ചത്?(ഇക്കാരണത്താല്‍ പ്രക്റ്തിപ്രേമികള്‍ക്കും(പ്രത്യേകിച്ച് E.A.Gക്കാര്‍ക്കും) ഈ എളിയ പ്രണയവിരുദ്ധസമരത്തില്‍ പങ്ക് ചേരാം:-)).അല്ലെങ്കില്‍ എന്ത്‌ മാഹാത്മ്യമാണ്‌ ഇന്നും നൂറില്‍ തൊണ്ണൂറ്റൊമ്പത് സിനിമകളുടേയും പ്രമേയം പ്രണയമാക്കുന്നത്?(മൊബൈല്‍ ഫോണുകളിലും മറ്റും ചിത്രീകരിക്കപ്പെട്ട് ഇന്റര്‍നെറ്റ് സൈറ്റുകളില്‍ കാണപ്പെടുന്ന ചില 'പ്രത്യേക' സിനിമകളേയും ഒഴിവാക്കേണ്ടതില്ലല്ലോ!)
ഉത്തരം തേടിയലഞ്ഞ് നാമെത്തിച്ചേരുന്നത് 'പ്രണയത്തിന്റെ ആഗോളവിപണി'യെന്ന മഹാത്ഭുതത്തിലാണ്‌!തന്റെ ചില ചെറിയ ആഗ്രഹങ്ങള്‍ ഒരു കലാരൂപത്തിലെ നായികാ-നായകന്മാരിലൂടെ സാക്ഷാത്കരിക്കപ്പെട്ട് കാണുമ്പോള്‍ പ്രേക്ഷകര്‍ പലപ്പോഴും തന്നെ തന്നെയാണ്‌ അവരില്‍ കാണുന്നത്.അങ്ങനെ ലഭിക്കുന്ന ആനന്ദമാണ്‌ പ്രണയത്തിന്റെ 'ആഗോളവിപണി'!തനി മലയാളത്തില്‍,ഒരു 'കമ്പി സാഹിത്യം' വായിക്കുന്നതിന്‌ പിന്നിലുള്ള അതേ മഹത്-വികാരം..കഥാപാത്രങ്ങളുമായുള്ള വ്യംഗ്യമായ ആത്മബന്ധപ്പെടുത്തല്‍..അങ്ങനെ ലഭിക്കുന്ന സ്വാര്‍ത്ഥമായ ആനന്ദത്തിലൂടെ പ്രണയം സാഹിത്യത്തില്‍ സാധൂകരിക്കപ്പെടുന്നു.മറ്റെല്ലാ കാര്യാകാര്യ-വിവേകങ്ങളേയും പിന്തള്ളി ഏറ്റവും വലിയ ജന്മസാഫല്യം പ്രണയസാക്ഷാത്കാരമായി മാറുന്നു.അങ്ങനെ അതിനായി കാട്ടിക്കൂട്ടുന്നതെല്ലാം(ആത്മഹത്യ,കൊലപാതകം,ലവ്-ജിഹാദ്(അത് എന്തരാ എന്തെരോ..എന്തെരായാലും മഹാന്‍ കണ്ടത്തില്‍ മാപ്പിള്യ്ക്ക് സ്തുതിയായ് ഇരിക്ക്ട്ടെ!),ആണ്‍-പെണ്‍ കൊള്ള(ഒളിച്ചോട്ടം) തുടങ്ങിയവ) ത്യാഗനിര്‍ഭരവും സ്നേഹസുരഭിലവുമാകുന്നു;തകരുന്ന കുടുംബങ്ങളും,മനഹാനിയും എല്ലാം ആ മഹാധര്‍മ്മയുദ്ധത്തിന്റെ അവഗണനീയമായ 'കൊലാറ്ററല്‍-ഡാമേജ്' മാത്രം!!
നമുക്കിനി ഒന്ന് മാറി ചിന്തിക്കാം-എന്താണ്‌ പ്രണയത്തിന്റെ രാഷ്ട്രീയം;വ്യക്തമായി പറഞ്ഞാല്‍-അതിന്റെ അരാഷ്ട്രീയം!തീര്‍ത്തും സ്വാര്‍ത്ഥമായ ഒരു തമോഗര്‍ത്തത്തിലാണ്‌ ഊഷ്മളപ്രേമം ഉറങ്ങിക്കിടക്കുന്നത്.അതിനെ തൊട്ടുണര്‍ത്തുന്നതോ ചുറ്റുമുള്ള ലൈംഗിക-ബിംബങ്ങളും.പ്രണയപാരമ്യത്തില്‍ നില്‍ക്കുന്ന ഒരുവന്റെ/ഒരുവളുടെ ചിന്തകള്‍ മുഴുവനും 600 കോടി മനുഷ്യരില്‍ ഒരാളില്‍ ഒതുങ്ങി നില്‍ക്കുന്നു.ഈ പറഞ്ഞ കോടിയില്‍ രണ്ട് പേരുടെ സുഖമാണ്‌ ഒരുവന്റെ ജീവിതലക്ഷ്യം എന്ന് പറയുന്നതിലെ 'ഭയാനകമായ ക്രൂരത' ചിന്തിക്കുന്നവര്‍ക്ക് തിരിച്ചറിയാം.അങ്ങനെ 'ജീവിതം യൗവ്വനതീക്ഷ്ണവും ഹ്റ്ദയം പ്രേമസുരഭിലവുമാക്കി' ,തന്റെ ഇണയുമായി രമിച്ച്;ഒരു മനുഷ്യന്നിലുള്ള അത്യനന്തമായ ഊര്‍ജ്ജം മുഴുവനും ഈ പാഴ്-വേലയില്‍ ചെലവാക്കി തീര്‍ക്കുന്ന മഹാത്യാഗത്തെ, 'തീവ്രപ്രണയം' എന്ന ശാസ്ത്രീയനാമത്തില്‍ മാലോകര്‍ കൊണ്ടാടുന്നു!
പ്രണയത്തിന്റെ സാക്ഷാത്കാരമായി ലോകത്തിന്റെ ഈ ഭാഗങ്ങളില്‍ നോക്കിക്കാണപ്പെടുന്നത് വിവാഹമാണ്‌.. അതിലൂടെയുള്ള കുടുംബജീവിതവും.ഈ 'പരിണാമസിദ്ധാന്തത്തിന്ന്' രണ്ട് തലങ്ങളാണുള്ളത്..കുടുംബമെന്ന സാമൂഹിക-പ്രസ്ഥാനത്തിലൂടെ ഒരാളിലെ അരാഷ്ട്രീയത പൂര്‍ണ്ണമാകുന്ന ദാരുണ യാഥാര്‍ത്ഥ്യമാണ്‌ അതില്‍ ആദ്യത്തേത്‌.രണ്ടാമത്തേത് അല്പ്പം കൂടി 'രസ'കരമാണ്‌-പ്രണയം അതില്‍ തന്നെ പൂര്‍ണ്ണമാണ്‌ എന്ന മഹത്-സങ്കല്പ്പത്തിലാറാടുന്ന 'ബുദ്ധിജീവി-കമിതാക്കള്‍', 'ത്യാഗനിര്‍ഭരത' തുടരാന്‍; ഒരു പാടത്തെ പച്ചപ്പ് വാടുമ്പോള്‍,പുതിയ വിളയിടങ്ങള്‍ തേടിയലയുന്ന പോലെ, പ്രണയിച്ചുല്ലസിക്കുന്നു!
പ്രണയത്തിന്റെ ഈ അരാഷ്ട്രീയമുഖത്തെ 'മാധ്യമം'(അതായത് 'മീഡിയ'; തെറ്റിദ്ധരിക്കല്ലേ:P!) മറ്റേത് അരാഷ്ട്രീയതയെ പ്രൊത്സാഹിപ്പിക്കുന്നുവോ,അത് പോലെ തന്നെ 'ഗ്ലോറിഫൈ' ചെയ്യുന്നു!അങ്ങനെ വളര്‍ന്ന് വരുന്ന തലമുറകളിലേക്ക് 'എക്സ്പ്ലിസിറ്റ് കാഴ്ച്ചകളിലൂടെയും','പൈങ്കിളി-ഡിസ്കോഴ്സു'കളിലൂടെയും വികാരങ്ങളെ തൊട്ടുണര്‍ത്തി ഈ സ്വാര്‍ത്ഥ-വിഷം കുത്തിവെയ്ക്കുന്നു.ഓര്‍മ്മവെച്ച കാലം മുതല്‍ മുന്നിലെത്തുന്ന ലൈംഗികതയെ കുറിച്ചുള്ള മദിപ്പിക്കുന്ന ബിംബങ്ങളും ,കാഴ്ച്ചകളും മൂലം ബാല്യം യൗവ്വനത്തില്‍ എത്തുന്നതിന്ന് മുമ്പേ 'പ്രണയവല്‍ക്കരിക്കപ്പെടുന്നൂ'!
എല്ലാ മ്റ്ഗങ്ങള്‍ക്കുമെന്ന പോലെ മനുഷ്യന്നും ഇണ അത്യാവശ്യമാണ്‌.അവന്‍/അവളുടെ ചിന്തകളേയും ചോദനകളേയും പരിപോഷിക്കാനുതകുമ്പോഴാണ്‌ ആ ഇണ ഒരു തുണയാകുന്നത്.അപ്പോള്‍ തന്റെ ഇണയിലും,തന്റെ കുടുംബത്തിലും രമിച്ച് മാത്രം ജീവിതം തള്ളിനീക്കുന്നത്; 'തന്റെ'തെന്ന ചിന്തയില്‍ രമിക്കുന്നതിന്ന് തുല്യമാണെന്നുള്ള തിരിച്ചറിവും,വ്യക്തമായ നിലപാടുമാണ്‌ ഈ കാലഘട്ടത്തിന്റെ ആവശ്യം.
അതിന്ന് മരണത്തെക്കാള്‍ വലിയ വിശപ്പുണ്ടാക്കുന്ന(തീക്കുനിയുടെ എലി) ഇന്നത്തെ സാമൂഹികക്രമം മാറണം!വിശപ്പ് ഒരു ജൈവ-പ്രതിഭാസമാണ്‌.അത് കൊണ്ട് തന്നെ അതിനുള്ള പരിഹാരം മിതവും ആരോഗ്യപ്രദവുമായ ഭക്ഷണം നല്‍കുക എന്നത് മാത്രമാണ്‌.അല്ലാതെ,'നീ കട്ട് തിന്നോ,ഞാന്‍ കണ്ണടച്ചോളാം' എന്ന നിലപാടുമായി ,മുന്നില്‍ കെണിയും കൊണ്ട് വെച്ചാല്‍,ഞങ്ങളെപ്പോലുള്ള നിഷ്കളങ്കരായ എലികള്‍ അതില്‍ ചാടുക തന്നെ ചെയ്യും.അതിലൂടെ മരിക്കുന്നത് വരാനിരിക്കുന്ന ഒരു പുതുലോകമെന്ന സുന്ദരസങ്കല്പ്മാണെന്ന് 'നവ-ലിബറല്‍ വിപ്ലവകാരികളും','ഉത്തരാധുനിക ചിന്തകന്മാരും' ആരും മറക്കണ്ട!
വന്ദേമാതരം!!

7 comments:

 1. why dont you write it before i fall in love with you?

  ReplyDelete
 2. samooham pranayathinte rashtriya/arashtriya nadakangal arangeranulla stage aano.....atho pranayathinte kachavadam nadakkarulla verum chanthayo....???

  ReplyDelete
 3. Poyitte pinna athalla ithaanenne paranjittenthe kaaryam..
  Sambhavam randum onne thanne..
  Colloquially speaking..

  ReplyDelete
 4. peru velippeduthan YATHARTHAVADI_kku buddhimuttundakumo???

  ReplyDelete
 5. yatharthavaadiyalleda potta..
  yathatathavaadi...
  ee lekhanathille yathatathavaadam eeyullavante tanneyaane:D...

  ReplyDelete
 6. സഞ്ജീവ് വെറുതെ വടികൊടുത്ത് അടി മേടിച്ചു...

  ReplyDelete
 7. രചയിതാവേ, കാപാലികാ..... ലോകം എമ്പാടുമുള്ള പ്രണയാര്‍ദ്ര ഹൃദയങ്ങള്‍ നിങ്ങള്‍ക്ക് മാപ്പ് തരില്ല.... വെറുക്കപ്പെട്ടവനെ, സത്യം പറ...... പണ്ട്, പ്രണയാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ഏതോ പെണ്ണ് കാരണത്തടിച്ചതിന്റെ ദേഷ്യം തീര്‍ക്കാനല്ലേ ഈ അസംബന്ധങ്ങളൊക്കെ എഴുതി പിടിപ്പിച്ചിരിക്കുന്നത്?................................. നന്നായിരിക്കുന്നുട്ടോ..

  ReplyDelete