About Me

My photo
A blog maintained by the collective of students from Kerala in HCU. But the space is certainly open to all. വൈവിധ്യങ്ങളുടെ ഒരു വിചിത്രസമ്മേളനം.

Wednesday, October 27, 2010

ചുവരെഴുത്ത്

Muhammed.P
M A English

കുട മടക്കി വെച്ചു, വാതില്‍ കൊട്ടിയടച്ചു ഞാന്‍,
സഹ മുറിയനെങ്ങാനും കുട ചോദിച്ചാലോ
നിവര്‍ത്തിയിട്ടു ഞാനെന്‍ ജനല്‍ കര്‍ട്ടനുകള്‍
എത്തി  നോക്കെണ്ടാരുമെന്‍ മുറിയിലേക്ക്
അടിച്ചു പുറത്താക്കിടെണം പുറം ലോകത്തെയെന്‍ മുറിയില്‍ നിന്നും
വിരിച്ചു ഞാന്‍ ആമസോണില്‍ നിന്നുമിന്നലെയെത്തിയ കര്‍ട്ടന്‍-
എനിക്കും സഹമുറിയനുമിടയില്‍ മതില്‍ തീര്‍ത്തു കൊണ്ട്
ലോഗിന്‍ ചെയ്തു  ഫേസ്ബുക്കില്‍
 ആരൊക്കെയാണെന്‍ മതിലിലെഴുതിയിരിക്കുന്നതെന്ന് നോക്കവേ
കണ്ടു ഞാനൊരപരിചിതന്റെ പോസ്റ്റ്‌
ഉടനെ മാറ്റി ഞാനെന്‍ പ്രൈവസി സെറ്റിംഗ്സ്
അങ്ങനെ എഴുതേണ്ട ഒരന്യനുമെന്‍ മതിലില്‍.
(ഈ കവിതയുടെ ആശയത്തിന് ഞാന്‍ K G ശങ്കരപ്പിള്ളയുടെ 'കുടമറ' എന്ന കവിതയോട്
കടപ്പെട്ടിരിക്കുന്നു).

ആമസോണ്‍- Amazon.com <http://www.amazon.com/>
മതില്‍- Facebook
wall<http://www.facebook.com/help/?page=443#%21/profile.php?id=1115305729&v=wall>

Saturday, October 9, 2010

പൂര്‍‌ണ്ണവിരാമം

Silpa Satheesh
II MA Economics

പ്രിയപെട്ടവളെ ,
ഇത് ഒരു പക്ഷെ എന്റെ അവസാനത്തെ എഴുത്തായിരിക്കും… എങ്ങനെ പറയണം എന്നറിയില്ല... വാക്കുകള്‍ക്കപ്പുറം നിന്നുകൊണ്ട് നീ ഇത് വായിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ  ബന്ധം  തുടരുന്നതില്‍ അര്‍‌ത്ഥമുണ്ടോ എന്ന നിന്റെ ചോദ്യത്തിന് എനിക്ക് കൃത്യമായോരുത്തരം ഇല്ല… അത് നീ നിന്നോടുതന്നെ ചോദിക്കേണ്ട ഒന്നാണ്. ഞാന്‍  ഉറങ്ങുന്നത്  മനുഷ്യര്‍ക്കിടയില്‍ ആണ്. പച്ച മാംസവും ഒട്ടിയ വയറുമായി  ജീവിതം തള്ളി നീക്കുന്നവര്‍. ഒഴിഞ്ഞ വയറിന്റെ വേദന അലമുറകളായി മുഴങ്ങികൊണ്ടിരിക്കുന്നു. വേദനകള്‍  കണ്ടു നില്‍കേണ്ടി വരുന്നവന്റെ നിസ്സഹായത നീ മനസ്സിലാക്കില്ല. മരണത്തിന്റെ തണുപ്പും കണ്ണീരിന്റെ  ചൂടും ഏറ്റു തഴമ്പിച്ച എന്റെ കൈകള്‍‌ക്ക് പ്രണയം വഴിഞ്ഞൊഴുകുന്ന വരികള്‍ വിളമ്പാന്‍ കഴിവില്ലാതയിരിക്കുന്നു… പരിഭവങ്ങള്‍‌ക്ക് കാരണക്കാരന്‍ ആയിട്ടുണ്ട്‌ എന്നറിയാം… ഒരിക്കലും നീ ആഗ്രഹിക്കുന്ന നിറങ്ങള്‍ സ്വപ്നങ്ങള്‍ക്ക് നല്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല… ഒരു പക്ഷെ എന്റെ ജീവിതത്തില്‍ വര്‍ണങ്ങള്‍ക്കു സ്ഥാനമില്ല എന്ന് ഇനിയും  നീ മനസ്സിലാക്കിയിട്ടുണ്ടാവില്ല. അല്ല  മനസ്സിലാക്കിയിട്ടില്ല… ചുറ്റും ഒഴുകുന്നത്‌ തെളിനീരരുവികളല്ല, ചോരപ്പുഴയാണ്. ഇവിടെ നിന്ന് ഇങ്ങനെയേ ചിന്തിക്കാന്‍ കഴിയുന്നോള്ളൂ…

ജീവിക്കാനുള്ള അവകാശം നിഷേധിക്കപെട്ടവര്‍‌ക്കിടയില്‍ തങ്ങുമ്പോള്‍ പ്രണയം ഒരു ‘ആഡംബരം' ആണ്. ആ  ആഡംബരം ത്യജിക്കാന്‍ ഞാന്‍ തയ്യാറാണ്. ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തില്‍ ഞാന്‍ പങ്കുചേരുന്നു. തോക്കുകള്‍ക്ക് മുന്‍‌പില്‍ നിന്നൊഴിഞ്ഞു മാറുമ്പോഴും മരണം ഏറെ ദൂരെയല്ല എന്ന് എനിക്ക് അറിയാം…
നിന്നെ ഞാന്‍ പ്രണയിച്ചിരുന്നു, പ്രണയിക്കുന്നു. എന്റെ അവസാന ശ്വാസം വരെ അങ്ങനെ തന്നെ ആകും. അതിനു തെളിവ് തരാന്‍ എന്റെ കൈയ്യില്‍ ഒന്നുമില്ല. പക്ഷെ ആ പ്രണയം നീ ആഗ്രഹിക്കുന്ന ജീവിതം നിനക്ക്  കഴ്ച്ചവെച്ചേക്കില്ല…

കല്പനകളുടെ ലോകത്ത് മറിയുന്ന ഒരു കാമുകനായി എന്നെ നീ സങ്കല്പ്പിക്കരുത്. തിരിച്ചൊന്നും ലഭിക്കാതെയുള്ള ഈ ബന്ധത്തില് നിന്റെ വിശ്വാസം നഷ്ടപ്പെടുന്നു എങ്കില്‍ അതിനെ ഈ വായനയോടെ അവസാനിപ്പിക്കുക…
സ്നേഹത്തോടെ...
സ്വന്തം...

നാട്ടിലേക്ക്....

Anunadh
IMA Social Science

ഏറെനാളായി കാത്തിരിക്കുന്നു ഞാന്‍
നാട്ടിലേക്ക് തിരിച്ചുപോയീടുവാന്‍
കൂട്ടിലേക്ക് പറന്നു ചേക്കേറുവാന്‍
കാത്തിരിക്കും മുഖങ്ങളെക്കാണുവാന്‍.

കുട്ടനെത്തുന്നു... അമ്മയും ചേച്ചിയും
കാത്തിരിപ്പിന്‍ തിരശ്ശീല താഴ്ത്തുന്നു,
അച്ഛനെന്നും തിരക്കാവുമെങ്കിലും
കാര്യമായെന്നെ എന്നും തിരക്കിടും...

കാത്തിരിക്കുന്നു നല്ലിളം കാറ്റിനാല്‍
നാട് നല്കുന്ന നല്‍‌വരവേല്പ്പിനായ്...
കൂട്ടുകാരാ വരുന്നു ഞാന്‍ നിന്റെ
കൂട്ടുകൂടുവാന്‍, കൂടെക്കലമ്പുവാന്‍
ഒത്തു ചേര്‍ന്നില്ല, ഒന്നിച്ചിരുന്നില്ല,
ഒട്ടു കല്യാണസദ്യ ഞാനുണ്ടില്ല...
വിഷുവിനെത്തുവാനായില്ല വീട്ടുകാര്‍-
ക്കൊപ്പമൂണ് കഴിക്കുവാനായില്ല..

ചുണ്ടിലൂറുന്ന പാല്പ്പായസം, നാവില്‍
വെള്ളമൂറുന്ന നാടന്‍ കറികളും...
വീട്ടിലെത്തുവാന്‍ കാത്തിരിക്കുന്നു ഞാന്‍
നല്ല കുത്തരിച്ചോറുകഴിക്കുവാന്

പുഴകള്‍, പാഠങ്ങള്‍, പല വിളിപ്പേരുകള്‍
വീട്ടിലറിയാതെ പോയ സിനിമകള്‍
പന്തുതട്ടും കളിസ്ഥലങ്ങള്‍ നമ്മള്‍
പണ്ടുതൊട്ടേ തുടങ്ങിയ ശീലങ്ങള്‍

എത്തിനോക്കിയിട്ടോടിയോളിക്കുന്ന
തൊട്ടടുത്തുള്ള വീട്ടിലെക്കുട്ടികള്‍
കൊത്തുകൂടുന്ന കാക്കകള്‍, കാലത്ത്
കോട്ടുവായിട്ടു കൊക്കുന്ന കോഴികള്‍...

ഒറ്റമുറിയിലെ ചുറ്റുനാലതിരിലെ
തടവുകാരന്‍ പരോളിനു പോകുന്നു...
നാട്ടിലേക്ക് തിരിച്ചുപോകാമെന്നൊ-
രോര്‍മ്മപോലും തണുപ്പെനിക്കേകുന്നു.

ചുട്ടുപൊള്ളുമിച്ചുടലപ്പറമ്പിലെ
ചൂടുകാട്ടിനും ചത്ത മരത്തിനും
പച്ചരിക്കും പരിപ്പിനും ക്ലോറി-
നിട്ടൊരീപ്പച്ച വെള്ളത്തിനും വിട...

ഏറെ നാളായി..................

കാന്തങ്ങള്‍

Namitha Mohan
I MA Political Science

കണ്ണുകള്‍ നോക്കി
ഉള്ളിലെ കടലാഴങ്ങള്‍ അളക്കുന്ന
സ്നേഹിതനുണ്ടെനിക്ക്
ചിലപ്പോള്‍
കടുകുമണിയോളം കുറുകി
ആകാശത്തോളം
പരന്ന മറ്റ് രണ്ടു കണ്ണുകള്‍...

കണ്ണുകള്‍ കാന്തങ്ങളാണ്‌
ഘടികാരക്കിളി കോറിച്ചെടുക്കുന്ന
നാഴികമണികള്‍ക്ക് കീഴെ
ഉള്ളില്‍ നിറയുന്ന
പ്രണയത്തിന്റെ കറുത്ത തരികളെ
വലിച്ചെടുത്ത്
ക്ഷയിച്ച്
അലിഞ്ഞില്ലാതാകുന്ന
രണ്ട് കാന്തക്കട്ടകള്‍!!!

ബയോളജി ലാബ്

Midhun Raj
MA Mass Communication
വയനാടന്‍ കഥകള്‍

നിനക്ക്‌ ഓര്‍മ്മയുണ്ടോ , നമ്മള്
ബയോളജി ലാബില്
വെള്ളത്തണ്ടുകളെ ചെറുതായരിഞ്ഞ്
മൈക്രോസ്കോപ്പുകള്‍ക്ക്
തിന്നാന്‍ കൊടുത്തത്?

ഞാന്മറന്നിട്ടില്ല, നമ്മള്
ചുവന്ന ചെമ്പരത്തിപ്പൂവുകളുടെ
നിലവിളികള്‍ കേള്‍ക്കാതെ, അതിനെ
പിച്ചിച്ചീന്തിയത്.....

മറന്നാലും തേട്ടിവരും, നമ്മള്
കൂറകളുടെ കൈകാലുകളില്
ആണിയടിച്ചുകയറ്റി ,
തൂവാലകൊണ്ട്‌രക്തമൊപ്പാതെ
കീറി, ഹൃദയത്തിന്റെ
മിടിപ്പെണ്ണിയത്.
ആത്മാവിനും ശരീരത്തിനും പക്ഷെ
ഉയര്‍ത്തെഴുന്നേല്പുണ്ടായില്ല.
ദയവായി നീ ഇതൊന്നും മറന്നേക്കരുത്
എനിക്കുവേണ്ടിയെങ്കിലും...

മിഥുന്റെ കൂടുതല്‍ സൃഷ്ടികള്‍ വയനാടന്‍ കഥകള്‍ എന്ന ബ്ലോഗില്‍ വായിക്കാം.
ഈ കവിത അതേ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതാണ്‌.